ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്നാപ്ചാറ്റും ഉള്‍പ്പെടും
ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. അടുത്ത വര്‍ഷം വസന്തകാലത്തോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് നീക്കം. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹമാധ്യമങ്ങളിലെ അമിത ഉപയോഗം, സൈബര്‍ ബുള്ളിയിങ്, അനുചിതമായ ഉള്ളടക്കങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് നടപടി.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം ഉറപ്പാക്കാന്‍ കര്‍ശന പരിശോധനകള്‍ വരും . പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പരിശോധന, ഡിജിറ്റല്‍ ഐഡി, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ എന്നിവ പ്രായം സ്ഥിരീകരിക്കാന്‍ പരിഗണനയിലുണ്ട്.
എന്നാല്‍ പാസ്പോര്‍ട്ടോ ഡ്രൈവിങ് ലൈസന്‍സോ ഇല്ലാത്ത കൗമാരക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 16നും 17നും ഇടയില്‍ പ്രായമുള്ള ഏകദേശം 1.5 ലക്ഷം പേര്‍ക്ക് ഇത്തരം തിരിച്ചറിയല്‍ രേഖകളില്ലെന്നാണ് കണക്കുകള്‍. പ്രായം സ്ഥിരീകരിക്കാന്‍ മുഖം തിരിച്ചറിയല്‍ സംവിധാനം മാത്രം ഉപയോഗിക്കുന്നതിലും കൃത്യത സംബന്ധിച്ച ആശങ്കകളുണ്ട്.
പ്രായപരിധി മറികടന്ന് കുട്ടികള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. ഓസ്ട്രേലിയയിലെ സമാന നിയന്ത്രണങ്ങള്‍ക്കുശേഷവും ചില കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗം തുടരുന്നതായി സര്‍വേകള്‍ വ്യക്തമാക്കുന്നു.
അതേസമയം, നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.