News

Share

എണ്ണ വില ഉയര്‍ന്നു; സുപ്രധാന ഷിപ്പിംഗ് റൂട്ട് ഇറാന്‍ അക്രമത്തില്‍ തടസ്സം നേരിടുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഹോം ഓഫീസ്

എണ്ണ വില ഉയര്‍ന്നു; സുപ്രധാന ഷിപ്പിംഗ് റൂട്ട് ഇറാന്‍ അക്രമത്തില്‍ തടസ്സം നേരിടുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഹോം ഓഫീസ്

ഇറാനിലെ യുദ്ധം ബ്രിട്ടീഷ് വിപണികളെയും സാരമായി ബാധിക്കുന്നു. എണ്ണ വില ഉയരുമെന്ന ഭയം സത്യമാക്കിക്കൊണ്ട് ഇന്ന് വിപണി തുറന്നതോടെ ആഗോളെ എണ്ണ വില കുത്തനെ ഉയര്‍ന്നു. യുഎസ്, ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ തിരിച്ചടിക്കുന്നത് സുപ്രധാന ഷിപ്പിംഗ് റൂട്ടിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് ഇറാനില്‍ സഖ്യസേന വ്യോമാക്രമണം ആരംഭിച്ചത്. ഇതിന് ശേഷം തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ക്രൂഡ് ഓയില്‍ വില 13% കുതിച്ചുയര്‍ന്ന് ബാരലിന് 82 ഡോളറിലെത്തി. 2024 ജൂലൈയ്ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിലയാണിത്.

 

അതേസമയം യുകെയും, യൂറോപ്പും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗ്യാസ് വിലയും സുപ്രധാനമാണ്. ഇപ്പോള്‍ 22% വര്‍ദ്ധനവാണ് ഗ്യാസ് വിലയില്‍ നേരിട്ടിരിക്കുന്നത്. യുകെയില്‍ ജീവിതച്ചെലവ് പ്രതിസന്ധി വ്യാപകമാകാന്‍ ഇടയാക്കിയത് ഗ്യാസ് വില വര്‍ദ്ധനവാണ്. വീടുകള്‍ ചൂടാക്കി വെയ്ക്കാനും, സാധനങ്ങള്‍ തയ്യാറാക്കാനും ആവശ്യമായി വരുന്ന എനര്‍ജിയുടെ വിലയേറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

 

നാല് വര്‍ഷം മുന്‍പ് റഷ്യ, ഉക്രെയിന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്ന എനര്‍ജി വിലയുടെ ഷോക്കില്‍ നിന്നും രാജ്യം മുക്തമായിട്ടില്ല. അതിനിടെയാണ് പുതിയ തിരിച്ചടി വരുന്നത്.

 

കഴിഞ്ഞ ആഴ്ച വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉടന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള പലിശ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ചാണ് വിപണികള്‍ സംസാരിച്ചതെങ്കില്‍ യുദ്ധം തുടങ്ങിയതോടെ ആശങ്ക കനക്കുകയാണ്. എണ്ണ, ഗ്യാസ് വില ഉയരുന്നത് അനിശ്ചിതാവസ്ഥ സമ്മാനിക്കുമ്പോള്‍ പണപ്പെരുപ്പം ഉയരാനുള്ള സാധ്യതകളാണ് രൂപപ്പെടുന്നത്.

 

ഇതിനിടെ മിഡില്‍ ഈസ്റ്റില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്‍മാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന് ഹോം ഓഫീസ് തയ്യാറെടുക്കുകയാണ്. വ്യോമാക്രമണങ്ങള്‍ അരങ്ങേറുന്നതിനാല്‍ മേഖലയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് ബ്രിട്ടീഷുകാരെ ഏത് വിധത്തില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാമെന്നാണ് യുകെ അധികൃതര്‍ പരിശോധിക്കുന്നത്.

 

Latest News

Loading..