News

Share

ബോണ്ടി ബീച്ചില്‍ 16 നിരപരാധികളെ വെടിവെച്ച് കൊന്നത് അച്ഛനും, മകനുമെന്ന് പോലീസ്

ബോണ്ടി ബീച്ചില്‍ 16 നിരപരാധികളെ വെടിവെച്ച് കൊന്നത് അച്ഛനും, മകനുമെന്ന് പോലീസ്

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ ജൂതവിശ്വാസവുമായി ബന്ധപ്പെട്ട ഹനൂകാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ 16 പേരെ വെടിവെച്ച് കൊന്നത് അച്ഛനും, മകനുമെന്ന് സ്ഥിരീകരിച്ചു പോലീസ്. ഓസ്‌ട്രേലിയയിലെ പ്രമുഖ ബീച്ചില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ കുടുംബങ്ങള്‍ക്ക് നേരെയാണ് 24-കാരന്‍ നവീദ് അക്രമമും, പിതാവ് 50-കാരന്‍ സാജിദ് അക്രമമും നിഷ്‌കരുണം വെടിവെച്ചത്. സാജിദിനെ പോലീസ് വെടിവെച്ച് കൊന്നു. അതേസമയം നവീദിന് വെടിയേറ്റെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണ്.

പിതാവിനെ വെടിവെച്ച് വീഴ്ത്തിയപ്പോഴും വെടിവെപ്പ് തുടരുന്ന നവീദിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടയ്ക്ക് തോക്കില്‍ തിര നിറയ്ക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും പ്രദേശവാസികള്‍ക്കും, ഹോളിഡേ ആഘോഷിക്കാന്‍ എത്തിയവര്‍ക്കും, കുടുംബങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ സാധാരണ ജനങ്ങളാണ് ഇവരെ പ്രതിരോധിക്കാനായി രംഗത്തെത്തിയത്.

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാക ചുറ്റിയ വാഹനത്തിലാണ് അക്രമികള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. കാറില്‍ നിന്നിറങ്ങിയ ഇവര്‍ 10 മിനിറ്റോളം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. താന്‍ ഫിഷിംഗിന് പോകുകയാണെന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് 24-കാരനായ നവീദ് അക്രം ഞെട്ടിക്കുന്ന അക്രമം അഴിച്ചുവിട്ടത്.

10 വയസ്സ് മുതല്‍ 87 വയസ്സ് വരെ പ്രായത്തിലുള്ളവര്‍ മരണപ്പെട്ടു. ജൂതവിശ്വാസത്തിന്റെ ഭാഗമായുള്ള ഹകൂനാ ആഘോഷിക്കാനെത്തിയ കുടുംബങ്ങളായിരുന്നു ഭീകരരുടെ ലക്ഷ്യം. ആറ് തോക്കുകളുമായാണ് അക്രമികള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇവയെല്ലാം നിയമപരമായി ലൈസന്‍സോടെ സ്വന്തമാക്കിയവയാണെന്ന് എന്‍എസ്ഡബ്യു പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു.

അക്രമികളില്‍ ഒരാള്‍ അധികൃതരുടെ റഡാറില്‍ ഉണ്ടായിരുന്ന വ്യക്തിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. ജൂത സമൂഹത്തിന്റെ സുരക്ഷയ്ക്കായി അധിക ഫണ്ടിംഗ് നല്‍കുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് സൂചിപ്പിച്ചു. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണ്.

Latest News

Loading..