ഇംഗ്ലണ്ടില്‍ 3.3 തീവ്രത ഭൂചലനം; ലങ്കാഷെയറും കുംബ്രിയയും നടുങ്ങി; പ്രഭവ കേന്ദ്രം സില്‍വര്‍ഡെയിലിനടുത്ത്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ബുധനാഴ്ച രാത്രി റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സില്‍വര്‍ഡെയില്‍ തീരത്ത് നിന്ന് ഏകദേശം 3 കിലോമീറ്റര്‍ (1.86 മൈല്‍) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23ഓടെയാണ് കുലുക്കം ഉണ്ടായത്. പ്രകമ്പനം 19 കിലോമീറ്ററോളം വ്യാപ്തിയില്‍ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍.
ലങ്കാഷെയറിനോടൊപ്പം അയല്‍പ്രദേശമായ കുംബ്രിയയിലും, പ്രത്യേകിച്ച് ലേക് ഡിസ്ട്രിക്റ്റിന്റെ തെക്കന്‍ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. കെന്‍ഡല്‍, അള്‍വര്‍സ്റ്റണ്‍, കാണ്‍ഫോര്‍ത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ കുലുങ്ങുകയും വലിയൊരു സ്ഫോടനം നടന്നതു പോലുള്ള ശബ്ദം കേള്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഷോപ്പുകളുടെ അലാറങ്ങള്‍ പ്രവര്‍ത്തിക്കുകയും, ആദ്യം ഒരു വാഹനാപകടമോ ക്വാറി സ്ഫോടനമോ സംഭവിച്ചതെന്ന തെറ്റിദ്ധാരണയും ഉണ്ടായി. എങ്കിലും, എവിടെയും നാശനഷ്ടമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ വര്‍ഷം ഒക്ടോബര്‍ 20-ന് പെര്‍ത്ത്-കിന്റോസ് മേഖലയില്‍ രേഖപ്പെടുത്തിയ 3.3 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം പൊതുജനങ്ങള്‍ക്ക് വ്യക്തമായി അനുഭവപ്പെട്ട ഏറ്റവും പ്രബലമായ ഭൂചലനമാണ് ഇന്ന് ഉണ്ടായത് . ബ്ലാക്ക്പൂള്‍ വരെയും ചിലര്‍ക്ക് പ്രകമ്പനം അനുഭവവേദ്യമായതായി അന്താരാഷ്ട്ര സീസ്മിക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.