യുകെയിലെ പലയിടങ്ങളിലും കനത്ത മഴയും നാലിഞ്ച് വരെ മഞ്ഞ് വീഴ്ചയും ഉണ്ടാകും
യുകെയില്‍ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ സൂചിപ്പിക്കുന്നത്. ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിന്റെ കാലാവസ്ഥ ഭൂപടം സൂചിപ്പിക്കുന്നത് യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും എന്നാണ്. ചില പ്രദേശങ്ങളില്‍ ഈ വെള്ളിയാഴ്ച നാലിഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും ഈ ഭൂപടം സൂചിപ്പിക്കുന്നു.
സ്‌കോട്ട്‌ലാന്‍ഡിലെ ചില പ്രദേശങ്ങളിലായിരിക്കും പ്രധാനമായും മഞ്ഞുവീഴ്ചയുണ്ടാവുക. ഡണ്ഡീ, ഗ്ലാസ്‌ഗോ, പെര്‍ത്ത്, അബര്‍ഡീന്‍ എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതലായി ഉണ്ടാവുക. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ ശൈത്യകാല സാഹചര്യം ആരംഭിക്കും. തെക്കന്‍ ഇംഗ്ലണ്ടിന്റെയും മധ്യ ഇംഗ്ലണ്ടിന്റെയും പല പ്രദേശങ്ങളിലും വ്യാപകമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങള്‍ സൂചന നല്‍കുന്നു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത മഴ അനുഭവപ്പെടും എന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലാന്‍ഡില്‍ അനുഭവപ്പെടുന്ന മഞ്ഞുവീഴ്ച ക്രമേണ തെക്കോട്ട് നീങ്ങി തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളിലും അനുഭവപ്പെടും. ശനിയാഴ്ച രാത്രിയോടെ പലയിടങ്ങളിലും നാലിഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും.