അത്ഭുതമായി സീറ്റ് 11എ, ദുരന്തമായി 11ജെ; കുടുംബത്തിന് ഒരേ സമയം ആശ്വാസവും വേദനയും

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ദുരന്തത്തില്‍ ഒരാളൊഴികെ ബാക്കിയെല്ലാവര്‍ക്കും നേരിട്ടത് ജീവഹാനിയാണ്. 11എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് ഈ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാല്‍ ഈ അത്ഭുതത്തോടൊപ്പം ഈ കുടുംബത്തിനും ഒരു നഷ്ടമുണ്ടായി. 40-കാരനായ രമേഷ് സഹോദരന്‍ അജയ്കുമാറിനൊപ്പമാണ് ലണ്ടനിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദില്‍ നിന്നും ഗാറ്റ്‌വിക്കിലേക്കുള്ള യാത്രയില്‍ എതിര്‍ഭാഗത്തെ 11ജെ സീറ്റില്‍ ഇരുന്ന സഹോദരന്‍ ദുരന്തത്തിന് ഇരയായി മരണപ്പെടുകയും ചെയ്തു.
ഒരു മകനെ തിരികെ കിട്ടുകയും, മറ്റൊരു മകനെ നഷ്ടമാകുകയും ചെയ്ത വാര്‍ത്തയില്‍ ആശ്വാസവും, ദുഃഖവും ഒരേ സമയം അനുഭവിക്കുകയാണ് ഈ കുടുംബം. ബിസിനസ്സ് ട്രിപ്പിനായി ഇന്ത്യയിലെത്തിയ ശേഷം യുകെയിലേക്ക് മടങ്ങുകയായിരുന്നു ഈ സഹോദരങ്ങള്‍. പരുക്കേറ്റ് ആശുപത്രിയിലുള്ള രമേഷ് സഹോദരന്‍ അജയിയെ കണ്ടെത്താന്‍ അധികൃതരോട് കേണപേക്ഷിക്കുന്ന കാഴ്ച പുറത്തുവന്നിരുന്നു.
ലെസ്റ്ററിലാണ് കുടുംബസമേതം ഇരുവരും താമസിച്ചിരുന്നത്. വീട്ടില്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഒത്തുചേര്‍ന്നു. 'ഒരാളെങ്കിലും രക്ഷപ്പെട്ടത് അത്ഭുതമാണ്. ഫോണ്‍ വിളിച്ച് വിമാനം തകര്‍ന്നതായി പറഞ്ഞു, പക്ഷെ മറ്റാരെയും കാണാനില്ലെന്നും പറഞ്ഞു. നാളെ അവന്റെ അരികിലേക്ക് പോകും', ഇളയ സഹോദരന്‍ 27-കാരന്‍ നയന്‍കുമാര്‍ രമേഷ് പറഞ്ഞു.അതേസമയം അപകടത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാതെ രക്ഷപ്പെട്ട മറ്റൊരു സ്ത്രീയും ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറാത്ത അവസ്ഥയിലാണ്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലേക്ക് ട്രാഫിക്കില്‍ പെട്ടത് മൂലം എത്തിച്ചേരാന്‍ 10 മിനിറ്റ് വൈകിയതോടെയാണ് ഭൂമി ചൗഹാന് യാത്ര ചെയ്യാന്‍ കഴിയാതെ പോയത്.
ബോര്‍ഡിംഗ് ഗേട്ടില്‍ നിന്നും മടക്കി അയച്ച് നിമിഷങ്ങള്‍ തികയുന്നതിന് മുന്‍പാണ് പറന്നുയര്‍ന്ന വിമാനം തകര്‍ന്നതായി വിവരം ലഭിക്കുന്നത്. വാര്‍ത്ത കേട്ട് ശരീരം മുഴുവന്‍ വിറയ്ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.